കേരളത്തിൽ രണ്ട് ദശാബ്ദങ്ങളായി ഒരു വിഭാഗത്തിൻ്റെ പ്രസംഗങ്ങളും ലേഖനങ്ങളും മതസ്പർധ ഉണ്ടാക്കി: എക്ലേഷ്യ യുണൈറ്റഡ് ഫോറം

പാലാ: കേരളത്തിലെ പൊതുസമൂഹത്തിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഒരു വിഭാഗം നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും മതസ്പർധ ഉണ്ടാക്കുന്നതായിരുന്നുവെന്ന് എക്ലേഷ്യ  യുണൈറ്റഡ് ഫോറം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. കേരള സമൂഹം ഇത് ശ്രദ്ധിച്ചുവെങ്കിലും കണ്ണടച്ച് ഒഴിവാക്കാനാണ് ശ്രമിച്ചത്. ഇത് നമ്മുടെ മതേതര സ്വഭാവത്തിന് അപകടം വരുത്തി വച്ചു.

ഈ പശ്ചാത്തലത്തിലാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമായ ചില തെളിവുകളുടെ അടിസ്ഥാനത്തിൽ അജപാലനത്തിനായി ഏൽപ്പിക്കപ്പെട്ട വിശ്വാസികൾക്ക് ചില ഉപദേശങ്ങൾ നൽകിയത്. ഇതിൻ്റെ പശ്ചാതലത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എക്ലെഷ്യ യുണൈറ്റഡ് ഫോറം ആവശ്യപ്പെട്ടു. വിശ്വാസികൾക്ക് ജാഗ്രത പുലർത്താൻ മുന്നറിയിപ്പ് നൽകിയ മാർ കല്ലറങ്ങാട്ടിനു എക്ലെഷ്യ ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഭരണഘടന ഉറപ്പു നൽകുന്ന ഏതു മതത്തിൽ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും ഉള്ള മൗലികാവകാശം അനുസരിച്ച് പ്രവർത്തിക്കുമ്പോൾ അത് വ്യക്തികളുടെയും സമൂഹത്തെയും ആത്മീയ ഉൽക്കർഷക്ക്‌ ഉതകുന്നതായിരിക്കണം.
മറിച്ച് ഇവ വ്യക്തികളുടെ അധഃപതനത്തിനും സമൂഹത്തിന്റെ നാശത്തിനും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും ആകരുത്. മതേതര സമൂഹത്തിൽ മതാന്തര സംവിധാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. എന്നാൽ സംവാദങ്ങൾ മതങ്ങൾ തമ്മിലുള്ള അറിവ് പങ്കു വയ്ക്കുന്നതിനും, സാഹോദര്യവും, മൂല്യങ്ങളും,ഊട്ടിയുറപ്പിക്കുന്നതിനും ആകണമെന്ന് എക്ലേഷ്യ യുണൈറ്റഡ് ഫോറം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ എക്ലേഷ്യ യുണൈറ്റഡ് ഫോറം ചെയർമാൻ ഫാ. ജോൺസൺ തേക്കടയിൽ, ഭാരവാഹികളായ അഡ്വക്കേറ്റ് സോനു അഗസ്റ്റിൻ, പ്രൊഫ. ജോസഫ് ടിറ്റോ, ഡോ. ജോർജ് വർഗീസ്, കെവി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു.