തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്സ്ത നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപ്പാ സാന്നിധ്യം. രണ്ടിനം വവ്വാലുകളില്‍ നിപ്പക്കെതിരായ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സംസ്ഥാനത്തെ നിപ്പ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല് ആണെന്ന് ഇതില്‍ നിന്നും അനുമാനിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എന്‍ ഐ വി പൂനെയില്‍ നടത്തിയ പരിശോധനയിലാണ് വവ്വാലുകളില്‍ നിപ്പ സാന്നിദ്ധ്യം കണ്ടെത്തിയത്. ശേഖരിച്ച സാമ്പിളുകളുടെ വിശദമായ പരിശോധന നടക്കുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ നിപ്പ ഭീതി ഒഴിഞ്ഞിട്ടുണ്ട്. നിപ്പ ബാധയുണ്ടായയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.