വിവാഹേതര ബന്ധം ആരോപിച്ച് യുവതിയേയും യുവാവിനേയും നഗ്നരാക്കി നടത്തി ; 60 പേർക്കെതിരെ കേസ്

റാഞ്ചി: ജാർഖണ്ഡിലെ ദുംക ജില്ലയിൽ വിവാഹേതര ബന്ധം ആരോപിച്ച് പിടികൂടിയ യുവതിയേയും യുവാവിനേയും പ്രദേശവാസികൾ നഗ്നരാക്കി നടത്തിയതായി പരാതി. സംഭവത്തിൽ 60 പേർക്കെതിരേ മുഫാസിൽ പോലീസ് കേസെടുത്തു.

ചൊവ്വാഴ്ച ബദ്ദല്ലി പഞ്ചായത്തിലെ ഗ്രാമത്തിലാണ് സംഭവം. വിവാഹിതയായ യുവതിയെ കാണാനായി യുവാവ് അവരുടെ വീട്ടിലെത്തിയപ്പോൾ ഗ്രാമവാസികൾ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടർന്ന് ഇരുവരേയും നഗ്നരാക്കി ഗ്രാമത്തിലൂടെ ഒരുകിലോമീറ്ററോളം നടത്തിച്ചുവെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് യുവതി ജോലി കഴിഞ്ഞെത്തിയ ശേഷമാണ് യുവാവ് വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവ് ഒരുവർഷത്തോളമായി സെൻട്രൽ ജയിലിൽ തടവിലാണ്. ജീവിതച്ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ യുവതി ദിവസവേതന ജോലിക്ക് പോയിരുന്നു. ഇവിടെവെച്ചാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇരുവരും ഒരേ ഗ്രാമവാസികളാണ്.