വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാല്‍ കോണ്‍ഗ്രസ് സംപൂജ്യമാകും; കെ മുരളീധരന്‍

കോഴിക്കോട്: വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് സംപൂജ്യമാകുമെന്ന് കെ മുരളീധരന്‍ എം പി. പാര്‍ട്ടി പുനഃസംഘടന ഒരു കാരണവശാലും ഇനിയും വൈകരുത്. ഇക്കാര്യം എ ഐ സി സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെമി കേഡര്‍ സംവിധാനത്തില്‍ മുന്നോട്ട് പോയാല്‍ മാത്രമെ പാര്‍ട്ടി മെച്ചപ്പെടൂവെന്നും മുരളീധരന്‍ പറഞ്ഞു.

”പാര്‍ട്ടി പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുത്. ഞാന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാല്‍ കേരളത്തില്‍ പാര്‍ട്ടി സംപൂജ്യമാകും,” -കെ. മുരളീധരന്‍ പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി എം സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തുപോകില്ലെന്നാണ് വിശ്വാസം. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ പറഞ്ഞു.

കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസിന് അകത്ത് അസ്വാരസ്യങ്ങള്‍ നിലിനല്‍ക്കുന്ന സാഹചര്യത്തിലാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തിയത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടായിരിക്കുന്ന എതിര്‍പ്പും വിമര്‍ശനവും താരിഖ് അന്‍വറിന്റെ കേരളാ സന്ദര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ഹൈക്കമാന്റ് നിര്‍ദ്ദേശ പ്രകാരം മുതിര്‍ന്ന നേതാക്കളെയെല്ലാം താരിഖ് അന്‍വര്‍ കാണുന്നുണ്ട്. എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂ എന്നും ഹൈക്കമാന്റ് നിര്‍ദ്ദേശമുണ്ട്.