ലോക്ക്ഡൗൺ അവസാനിച്ച് 10 ദിവസത്തിന് ശേഷം സിബിഎസ്ഇ പരീക്ഷകൾ : മാനവ വിഭവശേഷി മന്ത്രാലയം

ന്യൂഡെൽഹി: ലോക്ക്ഡൗൺ അവസാനിച്ച ശേഷം സിബിഎസ്ഇ പരീക്ഷകൾ നടത്താൻ തയാറാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ മുടങ്ങിയ പരീക്ഷകള്‍ ലോക്ക്ഡൗൺ കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം നടത്താമെന്നാണ് മാനവ വിഭവശേഷി മന്ത്രാലയം പറയുന്നത്.

പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ 29 പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. നേരത്തെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുവാൻ എക്‌സാമിനർമാർക്ക് വീട്ടിൽ ഉത്തരകലാസുകൾ എത്തിക്കാൻ സിബിഎസ്ഇ തീരുമാനിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ സംസ്ഥാന ബോ‍ര്‍ഡുകളും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രമാനവശേഷി മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഇന്റേണൽ അസസ്‌മെന്റിന്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസ്, 12-ാം ക്ലാസ് വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു സംസ്ഥാനങ്ങൾ മുന്നോട്ടു വച്ച നിർദേശം. എന്നാൽ പരീക്ഷകൾ നടത്താമെന്ന തീരുമാനവുമായി മന്ത്രാലയം മുന്നോട്ടുപോവുകയായിരുന്നു.