തിരുവനന്തപുരം: മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന് നിർദേശം. മോൺസനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേയാണ് ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുക. മോൺസനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുൻ ഡി.ഐ.ജി. സുരേന്ദ്രൻ, എറണാകുളം എ.സി.പി. ലാൽജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്.
വമ്പൻ തട്ടിപ്പുകാരനായ മോൺസനുമായി പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരം പോലീസിനെ കുരുക്കിലാക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുടർന്നാണ് മോൺസനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന് ഡി.ജി.പി. നിർദേശം നൽകിയത്. ഇന്റലിജൻസ് അന്വേഷണറിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവർക്കെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നതിലും തീരുമാനമെടുക്കും.
അതിനിടെ, മോൺസൻ മാവുങ്കൽ തനിക്കെതിരേയുള്ള കേസിന്റെ വിവരങ്ങളറിയാൻ ഉന്നത ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മോൺസനെതിരായ കേസുകളുടെ വിവരങ്ങളും മറ്റും പോലീസുകാർ തന്നെ ഇയാൾക്ക് ചോർത്തിനൽകുകയായിരുന്നു. ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരെ പോലും മോൺസൻ ഇതിനായി ബന്ധപ്പെട്ടു. തനിക്കെതിരേ പരാതികൾ ഉയർന്നുതുടങ്ങിയത് മുതലാണ് ഇയാൾ നിരന്തരം പോലീസുകാരിൽനിന്ന് വിവരങ്ങൾ ചോർത്തിയിരുന്നത്. കേസിന്റെ നീക്കങ്ങൾ മണത്തറിഞ്ഞ് നാല് മുൻകൂർ ജാമ്യഹർജികളും കോടതിയിൽ നൽകി.
ബുധനാഴ്ചയും മോൺസൻ മാവുങ്കലിനെതിരേ കൂടുതൽപേർ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. ടെലിവിഷൻ ചാനലായ ടിവി സംസ്കാരയുടെ പേരിലും മോൺസൻ തട്ടിപ്പ് നടത്തിയതായി ചാനൽ എം.ഡി. ബാബു ഉമ്മശ്ശേരി ആരോപിച്ചു. ചാനലിൽനിന്ന് പുറത്താക്കിയ മുൻ എംഡി.ഹരിപ്രസാദിനെ കൂട്ടുപിടിച്ചായിരുന്നു തട്ടിപ്പ് എന്നാണ് ആരോപണം.
ടിവി സംസ്കാരയുടെ ചെയർമാൻ എന്നാണ് മോൺസൻ അവകാശപ്പെട്ടിരുന്നത്. സംവിധായകൻ രാജസേനനും ഈ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബാബു ഉമ്മശ്ശേരി ആരോപിച്ചു. ചാനലിന്റെ പേര് ദുരുപയോഗം ചെയ്തതിന് ചാനൽ അധികൃതർ ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ട്.
മോൺസൻ തന്നെയും കബളിപ്പിക്കാൻ ശ്രമിച്ചതായി കോട്ടയത്തെ മാംഗോ മെഡോസ് ഉടമ എൻ.കെ. കുര്യനും വെളിപ്പെടുത്തി. 2012-ൽ മാംഗോ മെഡോസിൽ മുതൽമുടക്കാമെന്ന് മോൺസൻ മാവുങ്കൽ അറിയിച്ചിരുന്നു. പിന്നീട് ഫണ്ട് ലഭിക്കാൻ വൈകുമെന്ന് പറഞ്ഞ് പിന്മാറി. ഫണ്ട് ലഭിക്കാനുള്ള തടസം നീക്കാൻ എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും എൻ.കെ.കുര്യൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.