കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; വരവേറ്റ് രാഹുല്‍ ഗാന്ധി; ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.

പിന്നീട് എഐസിസി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സു‍ര്‍ജെവാല എന്നിവ‍ര്‍ക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി. സിപിഐ നേതൃത്വുമായി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലെത്തിയത്.

മുതി‍ര്‍ന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുട‍ര്‍ച്ചയായ പലായനത്തില്‍ വലഞ്ഞ കോണ്‍​ഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ് കനയ്യകുമാറിൻ്റെയും ജി​ഗ്നേഷ് മേവാനിയുടേയും വരവ്.

അതേസമയം യുവനേതാക്കള്‍ പാ‍ര്‍ട്ടിയില്‍ ചേരുന്നതിന് തൊട്ടുമുന്‍പായി പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിം​ഗ് സിദ്ദു പദവിയില്‍ നിന്നും രാജിവച്ചത് കോണ്‍​ഗ്രസിന് തിരിച്ചടിയായി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആകട്ടെ ബിജെപിയിലേക്കെന്ന അഭ്യൂഹം പടരുകയാണ്. കോണ്‍​ഗ്രസ് ക്യാംപിൻ്റെ ആവേശം കെടുത്തുന്നതാണ് ഇത്.