ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍ ക്വാറന്റീനില്‍

കൊച്ചി : ലോക്ക്ഡൗണിനിടെ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് പോയി തിരികെയെത്തിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍ ക്വാറന്റീനില്‍. ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസം ക്വാറന്റീനില്‍ പോകാന്‍ എറണാകുളത്തെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ജസ്റ്റിസ് മണികുമാര്‍ കഴിഞ്ഞദിവസമാണ് തിരികെ കൊച്ചിയിലെത്തിയത്. ഇരുസംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതിയോടെയായിരുന്നു മടങ്ങിവരവ്. വാളയാറില്‍ വെച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ ചീഫ് ജസ്റ്റിസിനെയും സ്റ്റാഫിനെയും പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്.

ഇന്നലെ ആരോഗ്യവകുപ്പ് അധികൃതര്‍ ചീഫ് ജസ്റ്റിസ് നിരീക്ഷണത്തില്‍ പോകണണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്നെത്തിയ ജസ്റ്റിസ് മണികുമാര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി അധികൃതര്‍ നല്‍കുന്ന വിശദീകരണം.