കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമെന്ന് കണ്ടെത്തൽ. പിടിയിലായവരുടെ ശ്രീലങ്കൻ ബന്ധത്തിന് അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കൻ നമ്പറുകളിൽനിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോൺവിളികൾ എത്തിയിട്ടുണ്ട്. ഇത് കേസിൽ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് സംശയിക്കുന്നത്.
കടൽവഴി കേരള-തമിഴ്നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജൻസും എൻസിബിയും റിപ്പോർട്ട് ചെയ്തിരുന്നു. കാക്കനാട് മയക്കുമരുന്നു കേസിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ് വംശജരാണ്. ഇവർക്ക് ശ്രീലങ്കയിലെ എൽടിടിഇ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ട്രിപ്ലിക്കെയിൻ സംഘത്തെ കുറിച്ചുള്ള അന്വേഷണമാണ് നിലവിൽ കീറാമുട്ടിയായി നിൽക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രിപ്ലിക്കെയിൻ സംഘത്തിന്റെ ഏജന്റുമാരുടെ ഫോൺ നമ്പറുകൾ എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലവും തിരിച്ചറിഞ്ഞു. ഇവിടെയെത്തി ഇവരെ പിടികൂടുക എളുപ്പമല്ല.
കാക്കനാട് മയക്കുമരുന്ന് കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ ദീപേഷുമായി നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. പ്രതികൾ കൊടൈക്കനാലിൽ റേവ് പാർട്ടികൾ സംഘടിപ്പിച്ച ഇടങ്ങളെല്ലാം അന്വേഷണം സംഘം കണ്ടെത്തി. ഇവിടെ എത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലിൽ വാങ്ങാനായി അഡ്വാൻസ് നൽകിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം. കാസിം പറഞ്ഞു. പിന്നീട് തർക്കംമൂലം ഈ ഇടപാട് മുടങ്ങി.
കോടികൾ വിലവരുന്ന എസ്റ്റേറ്റ് വാങ്ങാനായി മുഹമ്മദ് ഫവാസ് തീരുമാനിച്ചതിനാൽത്തന്നെ വലിയ മയക്കുമരുന്ന് ഏർപ്പാട് ഇയാൾ മുഖാന്തിരം നടന്നു കാണുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംസ്ഥാനത്ത് റേവ് പാർട്ടികൾക്കെതിരേ എക്സൈസും പോലീസും അന്വേഷണം കടുപ്പിച്ചതിനാലാണ് കൊടൈക്കനാൽ ഇയാൾ പാർട്ടിക്കായി തിരഞ്ഞെടുത്തത്.
സ്വന്തം എസ്റ്റേറ്റ് വാങ്ങി റേവ് പാർട്ടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി. കേസിൽ സംശയിക്കുന്ന ഒരാളുടെ ഒളിസങ്കേതത്തിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇയാളെ വൈകാതെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. കസ്റ്റഡി കാലാവധി തീർന്ന ദീപേഷിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.