കല്യാണ്‍ സില്‍ക്ക്‌സിന്റെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ കല്യാണ്‍ സില്‍ക്‌സിന്റെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് അപകടം. ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ കാര്‍ത്തിക് ആണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തിൽ പെട്ടത്.

കോഴിക്കോട് പൊറ്റമല്‍ തൊണ്ടയാടാണ് സംഭവം. കെട്ടിടത്തില്‍ സ്ഥാപിക്കാനായി പുറമേ നിന്ന് നിര്‍മിച്ച് കൊണ്ടുവന്ന സ്ലാബ് ക്രെയില്‍ ഉപയോഗിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്ന് വീണത്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് ഈ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് ഒരാള്‍ മരിച്ചത്. ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒരാൾ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ മെഡിക്കൽ ആശുപത്രിയിലാണ്. അപകടത്തില്‍പ്പെട്ട എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്.

തമിഴ്‌നാട് ആസ്ഥാനമായ കമ്പനിക്കാണ് കെട്ടിടനിര്‍മാണത്തിന്റെ ചുമതലയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിരുപ്പൂരില്‍ നിന്ന് ബീമും സ്ലാബും നിര്‍മ്മിച്ച് ലോറിയില്‍ കൊണ്ടുവന്ന് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിക്കുകയായിരുന്നു. ഇതിന് സഹായിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ മഹാജന്‍ സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും പറഞ്ഞു.