സ്ത്രീകളുടെ വസ്ത്രങ്ങൾ അലക്കാൻ പീഡനക്കേസിലെ പ്രതിയോട് ആവശ്യപ്പെട്ട ജഡ്ജിയെ ചുമതലകളിൽ നിന്ന് മാറ്റി

പട്‌ന: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഇരുപതുകാരനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിടാന്‍ ആവശ്യപ്പെട്ട ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പട്‌ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ അവിനാഷ് കുമാറിനെയാണ് മാറ്റി നിര്‍ത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ബിഹാറില്‍ ബലാത്സംഗക്കേസ് പ്രതിയായ ലാലന്‍ കുമാറിനോട് ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വ്യവസ്ഥയോടെയാണ് ജഡ്ജി അവിനാഷ് കുമാര്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രതിയായ ലാലന്‍ കുമാറിന് 20 വയസാണ് പ്രായമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാന്‍ പ്രതി തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.

പ്രതിയുടെ ജോലി എന്താണെന്ന് തിരക്കിയ കോടതിയോട് അലക്ക് ജോലിയാണ് തനിക്കെന്ന് പ്രതി മറുപടി നല്‍കി. തുടര്‍ന്ന് അടുത്ത ആറ് മാസത്തേക്ക്, ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ട് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇതുവഴി സ്ത്രീകളോട് പ്രതിക്ക് ബഹുമാനം തോന്നുമെന്നും കോടതി പറഞ്ഞു. ഗ്രാമത്തില്‍ ഏകദേശം 2000 സ്ത്രീകളുടെ വസ്ത്രങ്ങളാണ് അടുത്ത ആറുമാസം വരെ ലാലന്‍ കഴുകി ഇസ്തിരിയിട്ട് നല്‍കാന്‍ ജഡ്ജി അവിനാഷ് കുമാര്‍ ഉത്തരവിട്ടിരുന്നത്.