ഉത്തരവ് കത്തിച്ചവർ ആർത്തിപണ്ടാരങ്ങൾ തന്നെ: കടകംപള്ളി

തിരുവനന്തപുരം : ശമ്പളം കടമായി ചോദിച്ച സർക്കാർ ഉത്തരവ് കത്തിച്ചവരെ ആർത്തിപ്പണ്ടാരങ്ങളെന്ന് വിളിച്ചതിൽ ഉറച്ച് നിൽക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ശമ്പള ഉത്തരവ് കത്തിച്ച് സാമൂഹിക മാധ്യമങ്ങളിലിട്ട് ആഘോഷിച്ച ചില അധ്യാപകരുടേത് നീചമായ പ്രവർത്തി തന്നെയാണ്. അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ല. പക്ഷേ ശമ്പള ഉത്തരവ് കത്തിച്ച് സാമൂഹിക മാധ്യമങ്ങളിലിട്ട് ആഘോഷിച്ച ചില അധ്യാപകരുടേത് നീചമായ പ്രവർത്തി തന്നെയാണെന്നതിൽ ഉറച്ച് നിൽക്കുകയാണ്.
ഒന്നൊര മാസമായി അധ്യാപകരെല്ലാവരും വീടിനുള്ളിൽ കഴിയുകയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുപോലും സർക്കാർ അവരോടു വരണം എന്നു നിർബന്ധിച്ചിട്ടില്ലെന്ന് കടകംപള്ളി പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന് അന്ധമായ രാഷ്ടീയതിമിരമാണെന്നും
കേരള മാതൃക രാജ്യമാകെ നടപ്പാക്കാനാണ് കേന്ദ്ര മന്ത്രി ആവശ്യപ്പെടേണ്ടതെന്നും നല്ല വാക്കു പറഞ്ഞില്ലെങ്കിലും ജനങ്ങളെ അപമാനിക്കരുതെന്നും മന്ത്രി കൂട്ടി ചേർത്തു.

സംസ്ഥാനസര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്നാണ് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ കേരളത്തിലെ കുറവുകള്‍ അന്വേഷിക്കുന്നത് ദുഷ്ടലാക്കോടെയാന്നെനും മുരളീധരൻ മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറഞ്ഞത്.