ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററാണ് സുപ്രീം കോടതി ഇമെയിലുകളില്‍ നിന്ന് മോദിയുടെ ചിത്രം ഉപേക്ഷിച്ചത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ ടാഗ്ലൈനോട് കൂടിയ ചിത്രം നീക്കം ചെയ്തത്.
ഡിജിറ്റല്‍ ഇന്ത്യ’ സംരംഭത്തിലെ നിര്‍ണായക കണ്ണിയായ എന്‍ഐസിയാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്നത്. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവും മോദിയുടെ ചിത്രവുമായിരുന്നു സുപ്രീം കോടതിയിലെ ഔദ്യോഗിക ഇ-മെയിലിലിന്റെ ഫൂട്ടറിലുണ്ടായിരുന്നത്.
ഒരു ഇ-മെയില്‍ അയയ്ക്കുമ്പോള്‍ അതിന്റെ അവസാനഭാഗത്ത് ഉണ്ടാകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടര്‍. എന്നാല്‍ ഫൂട്ടാറായി വച്ച ചിത്രത്തിന് ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല എന്ന് സുപ്രീം കോടതിയുടെ ഒരു വിശദീകരണ കുറിപ്പ് പറയുന്നു.
ഇ- മെയിലുകളില്‍ നിന്ന് ചിത്രവും ബാനറും ഉപേക്ഷിക്കാന്‍ കോടതി ഉടന്‍ തന്നെ എന്‍ഐസിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കോടതിയുടെ നിര്‍ദേശപ്രകാരം മോദിയുടെ ചിത്രം നീക്കം ചെയ്ത സ്ഥാനത്ത് സുപ്രീം കോടതിയുടെ ചിത്രം തന്നെ ചേര്‍ക്കുകയും ചെയ്തു.