തൃശൂര്‍: വിയ്യൂര്‍ അടക്കം വിവിധ ജയിലുകള്‍ കേന്ദ്രീകരിച്ചു തടവുപുള്ളികളുടെ സംഘങ്ങള്‍ ‘ബ്ലാക്മെയില്‍’ ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതായി വിവരം.
ടിപി കേസുകളിലെ പ്രതികള്‍ നിയന്ത്രിക്കുന്ന ജയിലുകളില്‍ ആര്‍ക്കും എന്തുമാകാം. ക്വട്ടേഷന്‍ പോലും ജയിലില്‍ കിടന്ന് പ്രതികള്‍ ഏറ്റെടുക്കും. കുത്തഴിഞ്ഞ അവസ്ഥയിലാണ് ജയിലുകള്‍ എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
പണം ആവശ്യപ്പെട്ടു ചിലരെ ജയിലിലേക്കു വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തിയ സംഭവങ്ങള്‍ പോലുമുണ്ടെന്നും വ്യക്തമായി. വ്യാപാരികളും വ്യവസായികളുമൊക്കെയാണ് ഇവരുടെ ലക്ഷ്യം. ജയിലില്‍ നിന്നാണു വിളിക്കുന്നതെന്നു വ്യക്തമായി പരിചയപ്പെടുത്തുന്നതോടെ മിക്കവരും ഭയന്നു പണം നല്കാന് തയാറാകും. അല്ലാത്തവരെ വിരട്ടാന്‍ ഗുണ്ടാസംഘങ്ങളെ അയയ്ക്കും.
ഭീഷണി ഉണ്ടാകുമ്പോള്‍ പണം നല്കാന് ഇവര്‍ തയാറാകുമെന്നാണ് റിപ്പോര്‍ട്ട്. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിനു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാനേതാവ് അഞ്ച് മാസത്തിനിടെ 2000ലേറെ ഫോണ്‍വിളികള്‍ നടത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമായത്. കരിപ്പൂര്‍ കടത്തില്‍ വിയ്യൂരിലുള്ള കൊടി സുനിയുടെ ഇടപെടലുകള്‍ വ്യക്തമായിരുന്നു.
ഇതിനിടെയാണ് കൊടി സുനിയെ കൊല്ലാന്‍ കൊടുവള്ളിയിലെ ഗ്യാങ് ജയിലിലെ തടവു പുള്ളിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ടിപി കേസിലെ മറ്റ് പ്രതികള്‍ പരോളില്‍ പോയി. ഇതോടെ കൊടി സുനി മാത്രമായി. ഈ സാഹചര്യം മുതലെടുത്തായിരുന്നു കോണ്‍ഗ്രസുകാരനായ റഷീദ് വിയ്യൂര്‍ പിടിച്ചെടുത്തത്. കൊടി സുനിയ്ക്കെതിരെയുള്ള ക്വട്ടേഷന്‍ പരാതിയായി ഇതോടെയാണ് അന്വേഷണം തുടങ്ങുന്നതും ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുന്നതും.