രാജ്യത്ത് 31,382 പുതിയ കൊറോണ കേസുകള്‍, 318 മരണം; മൂന്ന് ലക്ഷം പേര്‍ ചികിത്സയിൽ

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 32,542 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗം ഭേദമായവരുടെ എണ്ണം 3.28 കോടിയായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.78 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 50 ശതമാനത്തിലധികവും രോഗവ്യാപനം ശമിക്കാതെ തുടരുന്ന കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെയും പുതിയ കേസുകള്‍ ഇരുപതിനായിരത്തിന് അടുത്താണ്.

318 മരണവും രാജ്യത്ത് കൊറോണ മൂലം സംഭവിച്ചത്. മരണ സംഖ്യ 4.46 ലക്ഷമായി വര്‍ധിച്ചു. കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും കേരളത്തില്‍ തന്നെയാണ്. 152 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 72.20 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84.15 കോടിയാളുകള്‍ ഒരു ഡോസ് വാക്സിനെങ്കിലും ഇതിനോടകം സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.