ലണ്ടന്‍: എല്ലാ രാജ്യങ്ങളുടേയും കൊറോണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാനദണ്ഡം പാലിക്കണമെന്ന് ബ്രിട്ടണ്‍. ഇന്ത്യയുമായുള്ള വിഷയത്തില്‍ ഘട്ടംഘട്ടമായി തീരുമാനമെടുക്കുമെന്നും യു.കെ ഗവണ്‍മെന്റ് വ്യക്തമാക്കി. എന്നാല് ക്വാറന്റൈന്‍ ഇല്ലാതെ ബ്രിട്ടണിലേക്ക് പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്തതിനെതിരേ ഇന്ത്യ പ്രതികരിച്ച സാഹചര്യത്തിലായിരുന്നു ബ്രിട്ടൻ്റെ വിശദീകരണം.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ്/ആസ്ട്രാസെനെക്ക വാക്‌സിന് അംഗീകാരം നല്‍കുന്നതായി കഴിഞ്ഞ ദിവസം ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസെടുത്ത ഇന്ത്യക്കാര്‍ ബ്രിട്ടനിലെത്തിയാല്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു. പത്ത് ദിവസമാണ് ക്വാറന്റൈന്‍.
ഒക്ടോബര്‍ നാലിനാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരിക. എന്നാല്‍, അംഗീകാരമുള്ള രാജ്യങ്ങളുടെ പട്ടിക നിരന്തരം പുനഃപരിശോധിക്കുമെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബ്രിട്ടണ്‍ ആവശ്യപ്പെടുന്ന കൊറോണ സര്‍ട്ടിഫിക്കറ്റിലെ മിനിമം മാനദണ്ഡം എന്താണെന്നത് സംബന്ധിച്ച് ബ്രിട്ടൺ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല.
ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടണ്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ സമാന നടപടി തിരിച്ചങ്ങോട്ടും സ്വീകരിക്കുമെന്ന് ഇന്ത്യ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കി. ഇതിന്‍റെ തുടര്‍ച്ചയായി ബുധനാഴ്ച കോവിഷീല്‍ഡിനെക്കൂടി അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു.
അംഗീകൃത വാക്‌സിനുകള്‍ നല്‍കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയെ പെടുത്താത്തതാണ് ഇന്ത്യക്കാർക്ക് തിരിച്ചടിയാകുന്നത്. യു.കെ, യൂറോപ്പ്, യു.എസ്.എ, എന്നിവിടങ്ങളിലെ വാക്‌സിന്‍ പരിപാടിയോടൊപ്പം ഓസ്ട്രേലിയ, ബാര്‍ബുഡ, ബാര്‍ബെഡോസ്, ബ്രൂണൈ, കാനഡ, ഡൊമിനിക്ക, ഇസ്രയേല്‍, കുവൈത്ത്, മലേഷ്യ, ന്യൂസീലന്‍ഡ്, ഖത്തര്‍,സൗദി അറേബ്യ, സിങ്കപ്പുര്‍, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ പട്ടികയിലുള്ളത്.
ഇന്ത്യ പട്ടികയിൽ ഉള്‍പ്പെടുന്നതുവരെ കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ ബ്രിട്ടനിലെത്തിയാല്‍ ക്വാറന്റീനില്‍ കഴിയുകയും പരിശോധന നടത്തുകയും വേണം. അതേസമയം, വാക്‌സിനില്‍ പ്രശ്‌നമില്ലെന്നും ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലാണ് പോരായ്മയെന്നും ബ്രിട്ടണ്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇന്ത്യ ഇതു തള്ളി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്നവുമില്ലെന്ന് വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു.