പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കിയത് വിവാദമായി. ഏരിയനേതൃത്വം ഇടപെട്ട് ഷംസുദ്ദീനെ മാറ്റി.
ഷംസുദ്ദീനെ തെരഞ്ഞെടുക്കരുതെന്ന് ഏരിയ- ലോക്കല്‍ നേതൃത്വങ്ങള്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് തീരുമാനം. സംഭവം വിവാദമായതോടെ ഏരിയനേതൃത്വം ഇടപെട്ട് വീണ്ടും ബ്രാഞ്ച് യോഗം ചേര്‍ന്ന് ഷംസുദ്ദീനെ മാറ്റി. സി. ഹരീഷാണ് പുതിയ സെക്രട്ടറി.
ഷംസുദ്ദീനെ മാറ്റാന്‍ ഉടന്‍ നിർദേശം നല്‍കിയിരുന്നെന്നും, സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അട്ടപ്പാടി ഏരിയ സെക്രട്ടറി സി.പി. ബാബു പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് ചിണ്ടക്കി ഊരിലെ മധുവിനെ (27) മോഷണമാരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.