ന്യൂഡെൽഹി: പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിൽ സുപ്രിംകോടതി വിധി ഇന്ന് പറയും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ട്രസ്റ്റിനെ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നും, സംസ്ഥാന സർക്കാരിന്റെ ധനസഹായം അനിവാര്യമെന്നും ഭരണസമിതി കൂട്ടിച്ചേർത്തു.
പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിൻ്റെ ആവശ്യത്തിലാണ് ഭരണസമിതി രേഖാമൂലം വിശദാംശങ്ങൾ അറിയിച്ചത്. ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു കൊറോണയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെയും ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെയും ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു.
ഓഡിറ്റിംഗിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ക്ഷേത്ര ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട വാദമുഖങ്ങളും കോടതിയിൽ നടന്നിരുന്നു. തുടർന്ന് ഉത്തരവ് പറയാനായി മാറ്റി. ഇപ്പോൾ ഭരണസമിതി അധ്യക്ഷനായ ജില്ലാ ജഡ്ജി പി കൃഷ്ണകുമാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
ക്ഷേത്ര ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവക്കായി ഒന്നേകാൽ കോടി രൂപയാണ് പ്രതിമാസം ചെലവ് വരുന്നത്. എന്നാൽ, പ്രതിമാസ വരുമാനം 60 ലക്ഷത്തിനടുത്ത് മാത്രമാണുള്ളത്. സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഇനി മുന്നോട്ടുപോവുക ദുഷ്കരമായിരിക്കും. സർക്കാർ പ്രതിവർഷം 6 ലക്ഷം രൂപ ക്ഷേത്രത്തിനു നൽകുന്നുണ്ട്. എന്നാൽ കൊറോണ പ്രതിസന്ധിയുള്ളതിനാൽ ഇത് പരിഹരിക്കാൻ സർക്കാരിൻ്റെയും ട്രസ്റ്റിൻ്റെയും സഹകരണം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.