തിരുവനന്തപുരം: സാമൂഹിക ക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല യുടെ പ്രഥമ മദർ തെരേസ അവാർഡ് നടി സീമ ജി നായർക്ക്. ഈ മാസം 21ന് രാജ് ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ അരിഫ് മുഹമ്മദ് ഖാൻ അവാർഡ് നൽകും. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
നടി ശരണ്യ ക്യാൻസർ രോഗത്തിന് പിടിപെട്ട് ചികിത്സയിലായിരുന്നപ്പോൾ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ സീമ നൽകിയ പിന്തുണയും സഹായവും വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. എങ്കിലും ശരണ്യ കൈപ്പിടിയിൽ നിന്നും വഴുതി നമ്മോട് വിടപറഞ്ഞു. ഇപ്പൊൾ ശരണ്യ വിടപറഞ്ഞ് നാല്പത്തി ഒന്നാം നാൾ ആണ് സീമയെ തേടി അവാർഡ് എത്തിയിരിക്കുന്നത്.
കേരളത്തിലെ ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും മഹനീയ മാതൃക നൽകുന്ന വനികൾക്ക് ആണ് മദർ തെരേസ അവാർഡ് നൽകുന്നതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല യുടെ രക്ഷാധികാരിയും ദീപിക മുൻ മാനേജിങ് ഡയറക്ടറും ആയ അമേരിക്കൻ മലയാളി സുനിൽ ജോസഫ് കുഴാംപാല, കലയുടെ ട്രസ്റ്റി യും വനിതാ കമ്മീഷൻ അംഗവുമായ ഇ എം രാധ, കലയുടെ മാനേജിംഗ് ട്രസ്റ്റി ലാലു ജോസഫ് എന്നിവർ അറിയിച്ചു.
സിനിമ സീരിയൽ രംഗത്തെ അഭിനയ മികവിനും പുറമെ നിരവധി നാടകങ്ങളിലും സീമ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അമച്വർ നാടക ടെലിവിഷൻ അവർഡുകൾ, തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.