ന്യൂഡെൽഹി: പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ താൻ നിരാശനായിരുന്നുവെന്ന്ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻകേന്ദ്രമന്ത്രിയും അസൻസോൾ എം.പിയുമായ ബാബുൽ സുപ്രിയോ. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിൻ്റെ കാര്യകാരണങ്ങൾ വിശദമാക്കി എൻഡിടിവിയോടു പ്രതികരിക്കുകയായിരുന്നു ബാബുൽ സുപ്രിയോ.
തനിക്ക് നിരാശ തോന്നി. ഏഴുവർഷം താൻ കഠിനാധ്വാനം ചെയ്തു. ബംഗാളിനു വേണ്ടി താൻ പൊരുതിയില്ലെന്നും പാർട്ടിക്കു വേണ്ടി നല്ലതൊന്നും ചെയ്തില്ലെന്നും തന്റെ വിമർശകർ പോലും പറയില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ടീമിലുണ്ടാകണമെന്ന് കോച്ച് ആഗ്രഹിക്കുന്ന, തന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരിടത്തേക്ക് പോകണമെന്ന് തനിക്ക് തോന്നി- ബാബുൽ സുപ്രിയോ പറഞ്ഞു. എല്ലാം സംഭവിച്ചത് കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിശയിപ്പിക്കുന്നതും വെല്ലുവിളി നിറഞ്ഞതുമായ അവസരത്തെ കുറിച്ച് തന്നോടു പറഞ്ഞത് തൃണമൂൽ എം.പി. ഡെറിക് ഒബ്രിയാൻ ആണെന്നും ബാബുൽ പറഞ്ഞു. ശനിയാഴ്ചയാണ് ബാബുൽ സുപ്രിയോ തൃണമൂലിൽ ചേർന്നത്.