തിരുവനന്തപുരം: നിലവിലെ വേഗതയില്‍ പോയാല്‍ സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കണക്കുകള്‍. ആദ്യ ഡോസ് വിതരണം 100 ശതമാനമാകാന്‍ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം പൂര്‍ത്തിയാകാന്‍
പരമാവധി 135 ദിവസവും ഇനി വേണമെന്നാണ് വിദഗ്ധരുടെ കണക്ക്. സ്വകാര്യ മേഖലയിലെ വാക്സിനേഷന്‍റെ കൂടി വേഗം വര്‍ധിച്ചാല്‍ കണക്കുകൂട്ടിയതിലും വേഗത്തില്‍ ലക്ഷ്യത്തിലെത്താനാകുമെന്നാണ് പ്രതീക്ഷ.
വാക്സിനെടുക്കേണ്ട ആളുകളുടെ എണ്ണത്തില്‍ കേന്ദ്രം പുതുക്കിയ കണക്കനുസരിച്ച് ഇതിനോടകം സംസ്ഥാനം ആദ്യ ഡോസ് നല്‍കിയവരുടെ എണ്ണം 89 ശതമാനത്തിനടുത്ത് എത്തിക്കഴിഞ്ഞു. രണ്ടാം ഡോസ് നല്‍കിയത് 36.67 ശതമാനത്തിനാണ്. പുതിയ ജനസംഖ്യാ കണക്കനുസരിച്ച്, 2 കോടി 87 ലക്ഷത്തില്‍ നിന്ന് 2 കോടി 67 ലക്ഷമായാണ് അര്‍ഹരായ ആളുകളുടെ എണ്ണം കുറഞ്ഞത്. ഇതോടെ ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കൂടുതല്‍ അടുത്തു.
29 ലക്ഷത്തോളം പേര്‍ക്കാണ് ഇനി ആദ്യഡോസ് നല്‍കാനുള്ളത്. ഇവര്‍ക്ക് 84 ദിവസം പൂര്‍ത്തിയാകാനെടുക്കുന്ന ദിവസം കൂടി കണക്കാക്കിയാണ് നാല് മാസമെന്ന കണക്ക്. അതായത് 115 മുതല്‍ പരമാവധി 135 ദിവസം വരെ. വാക്സിന്‍ ഉല്‍പ്പാദനം വര്‍ധിച്ചതും പ്രതീക്ഷ പകരുന്ന ഘടകമാണ്.
അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ വാക്സിന്‍ ലഭ്യത കൂടിയതോടെ സ്വകാര്യ മേഖലയില്‍ പണം നല്‍കി വാക്സിനെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ സ്വകാര്യ മേഖലയിലും വാക്സിന്‍ സൗജന്യമാക്കാനുള്ള ഇടപെടല്‍ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി വാക്സിനേഷന്‍ വേഗം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.