ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ അംഗീകരിക്കില്ലെന്ന് രാജിവച്ച മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ദു കഴിവില്ലാത്ത ആളാണ്. അയാൾ ഒരു ദുരന്തമാകാൻ പോകുകയാണ്-അമരീന്ദർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അടുത്ത മുഖ്യമന്ത്രിയായി സിദ്ദുവിന്റെ പേര് വന്നാൽ എതിർക്കും. അയാൾക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ട്. രാജ്യസുരക്ഷയ്ക്കു സിദ്ദു വെല്ലുവിളിയാണെന്നും അമരീന്ദർ ആരോപിച്ചു. അമരീന്ദറിന്റെ കടുത്ത ശത്രുവാണ് സിദ്ദു. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലാണ് രാജിയിൽ കലാശിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിപ്രഖ്യാപിച്ചത്. ഗവർണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറുകയും ചെയ്തു. തന്നെ അപമാനിച്ച് പുറത്താക്കുകയായിരുന്നെന്ന് അമരീന്ദർ പറഞ്ഞു.