ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂലില്‍ ചേര്‍ന്നു

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ബിജെപി വിട്ട് തൃണമൂലില്‍ എത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുല്‍ സുപ്രിയോ ബിജെപി വിട്ടത്.

താന്‍ ഒരു പാര്‍ട്ടിയിലും ചേരില്ലെന്നും രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമാണ് ബാബുല്‍ സുപ്രിയോ നേരത്തെ പറഞ്ഞിരുന്നത്. പിന്നീട്, അദ്ദേഹം തന്റെ തീരുമാനം മാറ്റി താന്‍ ഒരു പാര്‍ലമെന്റ് അംഗമായി തുടരുമെന്നാണ് അറിയിച്ചിരുന്നത്.

ബിജെപി വിട്ട് ഒരുമാസം കഴിയുമ്പോഴാണ് അദ്ദേഹം തൃണമൂലിലേക്ക് എത്തിയത്. ബിജെപി വിടുന്നതിനുള്ള കാരണം മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞിരുന്നു.

തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന്റെയും സാന്നിധ്യത്തിലാണ് ബാബുല്‍ സുപ്രിയോയുടെ പാര്‍ട്ടി പ്രവേശം. പശ്ചിമ ബംഗാളിലെ ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രിയോ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വലിയം ക്ഷീണം തന്നെയാണ്.