ഛണ്ഡീഗഡ്: കോൺഗ്രസ് ഹൈക്കമാൻഡ് കാഴ്ചക്കാരായിരുന്ന് കളി കാണുന്ന ലാഘവത്തിൽ തുടരുന്നതിനിടെ
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ഹൈക്കമാൻഡ് അമരീന്ദറിനോട് രാജി ആവശ്യപ്പെട്ടതായാണ് സൂചന. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കോൺഗ്രസ് നേതൃത്വം അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമരീന്ദർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദർ ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താൻ പാർട്ടിയിൽ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്നും അമരീന്ദർ സോണിയയെ അറിയിച്ചതായാണ് വിവരം. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം അമരീന്ദർ പാർട്ടി വിട്ടേക്കുമെന്നുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ കഴിഞ്ഞ ദിവസം ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. ഇതിൽ നാല് മന്ത്രിമാരും ഉൾപ്പെടുന്നു. പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
സമീപകാലത്ത് എഐസിസി പഞ്ചാബിൽ നടത്തിയ അഭിപ്രായ സർവേയിൽ മുഖ്യമന്ത്രിയുടെ ജനപ്രീതിയിൽ വലിയ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി വിവിധ ചാനലുകൾ നടത്തിയ അഭിപ്രായ സർവേകളിലും ഇക്കാര്യം വ്യക്തമായിരുന്നു. ഇതോടുകൂടിയാണ് അമരീന്ദറിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഒരുവിഭാഗം എംഎൽഎമാർ ഹൈക്കമാൻഡിനെ അറിയിച്ചത്.
എംഎൽഎമാരുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിയന്തര നിയമസഭാ കക്ഷി യോഗം ചേരുന്നത്. എഐസിസി നീരീക്ഷകരായ അജയ് മാക്കനും ഹരീഷ് ചൗധരിയും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും ഛണ്ഡിഗഢിലെത്തിയിട്ടുണ്ട്.
117 അംഗ നിയമസഭയിൽ 80 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. ഇതിൽ 78 പേരുടെ പിന്തുണ സിദ്ദുവിനുണ്ടെന്ന് നേരത്തെതന്നെ സിദ്ദു അനുകൂലികൾ അവകാശപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിയായി സിദ്ദുവിന് എത്രത്തോളം കരുത്ത് തെളിയിക്കാനാവുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.