ന്യൂഡെല്‍ഹി: കര്‍ഷക പ്രതിഷേധത്തിനിടെ അകാലിദള്‍ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അകാലിദള്‍ അധ്യക്ഷനായ സുഖ്ബീര്‍ സിങ് ബാദല്‍, മുന്‍മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ തുടങ്ങി നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഒരു വര്‍ഷം തികയുന്ന ദിവസം ‘ബ്ലാക്ക് ഫ്രൈഡേ മാര്‍ച്ച്’ ആഹ്വാനം ചെയ്യുന്നതിനിടെയാണ് പൊലീസിന്റെ നടപടി.
നേരത്തേ ഡെല്‍ഹി കര്‍ഷകരും അകാലിദള്‍ പ്രവര്‍ത്തകരും മറ്റ് പ്രതിഷേധക്കാരും അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരുന്നു. ഇവരെ ബാരിക്കേഡുകള്‍ സ്ഥാപിച്ചും റോഡുകളും രണ്ട് മെട്രോ സ്റ്റേഷനുകളും അടച്ചും തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ ഡെല്‍ഹി പൊലീസിന്റെ നടപടിയെ ഹര്‍സിമ്രത് കൗര്‍ അപലപിച്ചു.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു നേരത്തെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ഹര്‍സിമ്രത് ബാദല്‍ രാജിവെച്ചത്. എന്‍ ഡി എ സഖ്യത്തില്‍ നിന്ന് പാര്‍ട്ടി പുറത്തിപോവുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡെല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്.
കഴിഞ്ഞ നവംബറിലാണ് ഡെല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സമരം എത്തിച്ചേര്‍ന്നത്. അതിര്‍ത്തിയില്‍ വെച്ച് കര്‍ഷകരെ തടഞ്ഞതോടെയാണ് രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിത കാലത്തേക്ക് നീണ്ടത്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വിജയം കണ്ടില്ല.