മലപ്പുറം: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈൻ അലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് മുഈൻ അലി ഇഡിയെ അറിയിച്ചു.
ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനായിരുന്നു മുഈൻ അലിയോട് ആവശ്യപ്പെട്ടിരുന്നത്.
ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവുകേടാണെന്നായിരുന്നു നേരത്തെ മുഈൻ അലി ഉന്നയിച്ച പ്രധാന ആരോപണം. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഇഡി നേരത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു.