സോഹ്ന: രാജ്യത്ത് മികച്ച റോഡുകൾ വേണമെങ്കിൽ ജനങ്ങൾ പണം നൽകേണ്ടി വരുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ദേശീയപാതകളിലെ ടോൾ പിരിവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിങ്ങൾക്ക് എയർ കണ്ടീഷൻ സൗകര്യമുള്ള ഹാൾ വേണമെങ്കിൽ പണം നൽകേണ്ടി വരും. അല്ലാത്തപക്ഷം മൈതാനത്ത് പോലും വിവാഹം നടത്താമെന്നായിരുന്നു ടോൾ പിരിവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മന്ത്രിയുടെ വിശദീകരണം.
ഡെൽഹി – മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം നടക്കുന്ന ഹരിയാനയിലെ സോഹ്നയിൽ സന്ദർശനം നടത്തവെയാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്. നിലവാരമുള്ള എക്സ്പ്രസ് വേകൾ യാത്രാ സമയവും ഇന്ധന ചെലവും കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു.