കൊച്ചി: തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം സ്വന്തം പാര്‍ട്ടിയുടെ വോട്ട് ചോര്‍ച്ചയാണെന്ന് തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ച സാഹചര്യത്തില്‍, ഇതുവരെ തനിക്കെതിരേ നടത്തിയ നുണപ്രചാരണത്തിന് സിപിഎം മാപ്പ് പറയണമെന്ന് യുഡിഎഫ് നിയമസഭാ കക്ഷി ഉപനേതാവും തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ ബാബു ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പരാജയത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ച സിപിഎം കമ്മീഷന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മേയ് രണ്ട് മുതല്‍ സിപിഎം നേതാക്കള്‍ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വോട്ട് നേടിയാണ് താന്‍ ജയിച്ചത് എന്നായിരുന്നു അവരുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം ഇതേ ആരോപണമുന്നയിച്ച് പൊതുജനമധ്യത്തില്‍ നിരന്തരമായി അപമാനിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പ്രദേശങ്ങളിലെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ സിപിഎം നിയോഗിച്ച കമ്മീഷനാണ് പാര്‍ട്ടിയുടെ വോട്ടു ചോര്‍ച്ചയാണ് പരാജയ കാരണമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാജയത്തിന് ഉത്തരവാദിയായ നേതാവ് സിപിഎം ജില്ലാ കമ്മിറ്റിയംഗം സി എന്‍ സുന്ദരനെതിരേ നടപടിയെടുക്കുകയും ചെയ്തു. സി എന്‍ സുന്ദരനെ പദവികളില്‍നിന്ന് ഒഴിവാക്കിയാണ് നടപടി സ്വീകരിച്ചത്. ഇതോടെ, സിപിഎം ഉന്നയിച്ച ആരോപണത്തിന് അവര്‍ തന്നെ മറുപടിയും പറഞ്ഞിരിക്കുന്നുവെന്നും കെ ബാബു എംഎല്‍എ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ തന്നെ ജനമധ്യത്തില്‍ അപമാനിക്കാനും പോരാടി നേടിയ വിജയത്തിന്റെ ശോഭ കെടുത്താനുമാണ് ബിജെപിയുടെ വോട്ട് നേടി എന്ന ആക്ഷേമുയര്‍ത്തിയത്. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ അംഗീകരിക്കാനുള്ള വൈമനസ്യമാണ് നുണപ്രചാരണത്തില്‍ തെളിഞ്ഞുകണ്ടത്. എതിരാളിയുടെ വിജയത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനുള്ള കേവലമായ ജനാധിപത്യ ബോധമില്ലായ്മയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം എംഎല്‍എമാര്‍ ബിജെപി വോട്ട് നേടി വിജയിച്ച എംഎല്‍എ എന്ന് തന്നെ അപമാനിച്ചു. നിയമസഭാ രേഖകളില്‍ അതെല്ലാമുണ്ട്.
ബിജെപിയുടെ വോട്ട് താന്‍ നേടിയിട്ടില്ലെന്നും തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സിപിഎം പൊന്നിന്‍കുടത്തിന്റെ പരാജയത്തിലെ ജാള്യത മറയ്ക്കാനാണ് ആരോപണമുന്നയിക്കുന്നതെന്നും താന്‍ വിശദീകരിച്ചതാണ്. ഗീബല്‍സിനെ തോല്‍പ്പിക്കുന്ന നുണപ്രചാരണമാണ് അന്ന് തനിക്കെതിരേ അഴിച്ചുവിട്ടത്.
തെരഞ്ഞെടുപ്പ് വിജയത്തിനായി കഷ്ടപ്പെട്ട ജനങ്ങള്‍ക്കും തനിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഏറെ പ്രയാസങ്ങളാണ് സിപിഎമ്മില്‍നിന്ന് നേരിടേണ്ടി വന്നത്. സിപിഎം റിപ്പോര്‍ട്ട് വരികയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യത്തിലൊന്നും ഇനി സംശയത്തിന്റെ കാര്യമില്ല. നുണപ്രചാരണത്തിന് സിപിഎം നേതാക്കള്‍ക്ക് ഗീബല്‍സിന്റെ പേര്‍ അവാര്‍ഡ് നല്‍കണമെന്നും കെ ബാബു പറഞ്ഞു.