നീറ്റ് പരീക്ഷ ആശങ്ക; തമിഴ്നാട്ടില്‍ നാല് ദിവസത്തിനിടെ ജീവനൊടുക്കിയത് മൂന്ന് കുട്ടികള്‍

ചെന്നൈ : മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന് ഭയന്ന് തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്ക് ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു കുടുംബം പൊലീസിന് മൊഴി നല്‍കി.

നീറ്റ് പരീക്ഷാപ്പേടിയില്‍ കഴിഞ്ഞ 4 ദിവസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞദിവസം അരിയല്ലൂരില്‍ ടി പെരൂര്‍ സാത്തംപാടിയില്‍ കനിമൊഴി (16) പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന് ഭയന്ന് ജീവനൊടുക്കിയിരുന്നു. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനി കനത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു.

നീറ്റ് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോളാണ് കഴിഞ്ഞ ഞായറാഴ്ച സേലം സ്വദേശി ധനുഷ് (19) ആത്മഹത്യ ചെയ്തത്. നേരത്തേ രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയിരുന്ന ധനുഷിന് മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം തവണയും യോഗ്യത ലഭിക്കില്ല എന്ന് ഭയന്നാണ് യുവാവ് ജീവനൊടുക്കിയത്.