ഷോറൂമിൽ നിന്ന് അടിച്ചുമാറ്റിയ കാറിൽ ഇന്ധനമില്ല; പമ്പിലെത്തിയ മോഷ്ടാക്കൾ പിടിയിൽ

മാനന്തവാടി: യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നും അടിച്ചുമാറ്റിയ കാറുമായി പെട്രോള്‍ പമ്പിലെത്തിയ മോഷ്ടാക്കള്‍ പിടിയില്‍. മാനന്തവാടി തോണിച്ചാലിലാണ് സംഭവം. ചങ്ങാടക്കടവിലെ മലബാര്‍ മോട്ടോഴ്സ് യൂസ്ഡ് കാര്‍ കടയില്‍ നിന്നുമാണ് കാര്‍ മോഷണം പോയത്. കടയുടെ മുന്നിലുണ്ടായിരുന്ന ചങ്ങല മുറിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്നാണ് താക്കോലെടുത്തത്.

ഇതിനിടെ കെട്ടിട ഉടമ കടയ്ക്കുള്ളിലെ ശബ്ദം കേട്ടം സ്ഥാപന ഉടമകളെ വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനമുടമകള്‍ പൊലീസിലും വിവരമറിയിച്ചു. ഷോറൂമില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കുമെന്ന ധാരണയില്‍ പൊലീസുകാര്‍ മാനന്തവാടിയിലും പരിസരങ്ങളിലേയും പെട്രോള്‍ പമ്പുകള്‍ നിരീക്ഷിച്ചു. ഇതിനിടയിലാണ് തോണിച്ചാലിലെ പെട്രോള്‍ പമ്പില്‍ മോഷ്ടാക്കള്‍ വാഹനവുമായി എത്തുന്നത്. പമ്പ് ജീവനക്കാർ വിവരമറിയിച്ചതോടെ മോഷ്ടാക്കൾ പോലീസിൻ്റെ പിടിയിലായി.

രാത്രി സമയം പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ കുറവായിരുന്നതും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിനെ സഹായിച്ചു. മലപ്പുറം കാര്യവട്ടം തേലക്കാട് ചെറങ്ങരക്കുന്നു താളിയില്‍ വീട്ടില്‍ രത്നകുമാര്‍, കൊല്ലം കടക്കല്‍ കൈതോട് ചാലുവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ കരീം എന്നിവരാണ് പിടിയിലായത്. അബ്ദുല്‍ കരീം പനമരം പെ‍ാലീസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയാണ്. ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് രത്നകുമാര്‍.