കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഇന്‍ഡിഗോയുടെ കോഴിക്കോട് – ബംഗളൂരു എ.ടി.ആര്‍ 72 വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
വിമാനം പുറപ്പെടാന്‍ റണ്‍വേയിലെത്തിയപ്പോഴായിരുന്നു എന്‍ജിനില്‍ പക്ഷി ഇടിച്ചത്. പറന്ന് ഉയരുന്നതിന് മുമ്പായതിനാല്‍ അപകടം ഒഴിവായി. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് വ്യോമഗതാഗത വിഭാഗത്തില്‍ അറിയിക്കുകയും തുടര്‍ന്ന് തിരിച്ച് വിമാനം പാര്‍ക്കിങ് ബേയിലേക്ക് എത്തിക്കുകയുമായിരുന്നു.
67 പേരായിരുന്നു വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്. പിന്നീട് ബംഗളൂരുവില്‍ നിന്നും മറ്റൊരു വിമാനം എത്തിച്ചാണ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചത്. ഉച്ചക്ക് 1.35ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് 5.50ന് പുറപ്പെട്ട് രാത്രി ഏഴിനാണ് ബംഗളൂരുവിലെത്തിയത്. പക്ഷി ഇടിച്ച വിമാനം പരിശോധനകള്‍ക്ക് ശേഷം മാത്രമേ തുടര്‍ന്ന് സര്‍വിസ് നടത്തുകയുള്ളൂ.