അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ കൊറോണ പരിശോധനാഫലം പോസിറ്റീവ് ; പൊതുദര്‍ശനം ഒഴിവാക്കി

കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ കൊറോണ പരിശോധനാഫലം പോസിറ്റീവ്. ഈ പശ്ചാത്തലത്തില്‍ പൊതുദര്‍ശനം ഒഴിവാക്കി. മട്ടാഞ്ചേരി കപ്പലണ്ടി മുക്കിലുള്ള ഷാദിമഹലിലാണ് പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ രാവിലെ 10 ന് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും.

തിങ്കളാഴ്ച വൈകുന്നേരം മുന്ന് മണിയോടെയായിരുന്നു റിസബാവയുടെ അന്ത്യം. പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 55 വയസ്സുണ്ടായിരുന്ന താരം വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1990ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെ നായകനായാണ് റിസബാവ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലനും സൂപ്പര്‍ഹിറ്റായതോടെ റിസബാവ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വില്ലനായും സഹതാരമായുമെല്ലാം നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്.

1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലെ തോപ്പുംപടിയിലാണ് റിസബാവ ജനിക്കുന്നത്. നാടക വേദികളില്‍ സജീവമായിരുന്നു അദ്ദേഹം. ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജുകുട്ടി c/oജോര്‍ജുകുട്ടി, ചമ്പക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്‍, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത, അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, പോക്കിരിരാജ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടി നായകനായി എത്തിയ വണ്‍ ആയിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.