സൗദിയിൽ എത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ ഇളവ്

റിയാദ്: സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍.

വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകാരമുള്ള കൊറോണ വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കരുതണം.

സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇവര്‍ രണ്ട് പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്റെ അഞ്ചാം ദിവസവും നടത്തണം.

അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് ക്വാറന്‍റീന്‍ അവസാനിപ്പിക്കാം. നേരത്തെ ഏഴു ദിവസമായിരുന്നു സൗദിയില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരും.