ന്യൂഡെൽഹി: കൊറേണ ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ കൊറേണ മരണമായി കണക്കാക്കും.രാജ്യത്ത് കൊറേണ മരണത്തിന്റെ പുതുക്കിയ മാർഗരേഖയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ ഇട പെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
കൊറേണ ബാധിതനാണെന്ന് കണക്കാക്കാൻ ആന്റിജനോ ആർ.ടി.പി.സി.ആർ പരിശോധനയോ നടത്തണം. അതേസമയം വിഷബാധയേൽക്കൽ, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കൊറേണ മരണമായി കണക്കില്ല. മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തിൽ കുടുംബാംഗങ്ങൾ സംതൃപ്തരല്ലാത്ത സാഹചര്യത്തിൽ ജില്ല തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കണം. 30 ദിവസത്തിനകം ഇത്തരം അപേക്ഷകൾ പരിഗണിച്ച് തീർപ്പാക്കണം.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കൊറേണ മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകൾ നൽകുന്നതിന് ‘മാർഗനിർദേശങ്ങൾ ലഘൂകരിക്കാൻ’ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആറും കേന്ദ്രസർക്കാറും ചേർന്ന് തയാറാക്കിയ പുതുക്കിയ മാർഗനിർദേശങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
നേരത്തേ കൊറേണ പരിശോധന നടത്തി പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കൊറേണ മരണമായി കണക്കാക്കിയിരുന്നുള്ളൂ. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇനി കൊറോണ മരണസംഖ്യ കണക്കാക്കുന്നതും പുതിയ മാർഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയാകും.