കാബൂള്‍: അഫ്ഗാനിൽ പുതിയതായി അധികാരമേറ്റ താലിബാൻ ഭീകരരുടെ സര്‍ക്കാര്‍ സ്ഥാനമേറ്റെടുക്കുന്ന ഔദ്യോഗിക ചടങ്ങ് ഒഴിവാക്കി. ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് ഒഴിവാക്കിയതെന്നാണ് താലിബാന് ഭീകരരുടെ വിശദീകരണം. പണവും മറ്റ് വിഭവങ്ങളും പാഴാക്കാതിരിക്കാനാണ് പരിപാടി ഒഴിവാക്കിയതെന്ന് താലിബാന് ഭീകരവക്താവ് അറിയിച്ചു.
നേരത്തെ, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വാര്‍ഷികമായ സെപ്റ്റംബര്‍ 11ന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാൻ ഭീകരരുടെ പദ്ധതി. ചൈന, റഷ്യ, പാകിസ്ഥാന്, ഇറാന്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു.
അതേസമയം, അനുകൂലിക്കുന്ന രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചടങ്ങ് ഒഴിവാക്കിയതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന് ഭീകര സര്‍ക്കാര്‍ അധികാരത്തിലേറുന്ന ചടങ്ങ് നടത്തുന്നത് തടയാന്‍ യുഎസും നാറ്റോയും ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങ് നടത്തേണ്ടെന്ന് താലിബാന് ഭീകരർ നേരത്തെ നിശ്ചയിച്ചെന്ന് ഇനാമുള്ള സാമന്‍ഗനി ട്വീറ്റ് ചെയ്തു. വിഷയത്തില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് അഫ്ഗാനില്‍ താലിബാന് ഭീകരരുടെ ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റത്.