ന്യൂഡെല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ സ്ഥിരം കമ്മീഷനായി പ്രവേശിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്ക് എന്‍ഡിഎ കോഴ്സുകള്‍ എടുക്കാന്‍ വഴിയൊരുക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. മറുപടി നല്കാന് കേന്ദ്രത്തിന് സുപ്രീംകോടതി 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്.
”സായുധ സേന സ്വയം സ്ത്രീകളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഒരു ദിവസത്തിനുള്ളില്‍ പരിഷ്കാരങ്ങള്‍ നടക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. പ്രക്രിയയുടെ സമയക്രമവും നടപടിക്രമവും സര്‍ക്കാര്‍ നിശ്ചയിക്കും,” സ്ത്രീകള്‍ക്ക് എന്‍ഡിഎ, നാവിക അക്കാദമി പരീക്ഷകള്‍ എന്നിവ അനുവദിക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സുപ്രീം കോടതി പറഞ്ഞു.
”സായുധ സേന ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ സേനയിലെ ലിംഗസമത്വത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കോടതികള്‍ ഇടപെടുന്നതു വരെ കാത്തിരിക്കുന്നതിനു പകരം ലിംഗസമത്വം ഉറപ്പു വരുത്തുന്നതില്‍ അവര്‍ സ്വയം ഒരു സജീവ സമീപനം സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” സുപ്രീംകോടതി പറഞ്ഞു.
ഇന്ത്യയിലെ കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സായുധസേനകളിലെയും അംഗങ്ങള്‍ക്ക് ട്രെയിനിംഗ് നല്കുന്ന സൈനിക അക്കാദമിയാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമി അഥവാ എന്‍ഡിഎ. മഹാരാഷ്ട്രയിലെ പൂനയിലെ ഖഡക്വാസ്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് സേനകള്‍ക്കും പരിശീലനം ഒരുമിച്ചു നല്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയും ഇത്തരത്തിലേതില്‍ ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്നതുമാണ് ഈ അക്കാദമി.