കൂട്ടക്കൊലയ്ക്ക് മാപ്പ് ചോദിച്ച് ഒസാമ ബിൻലാദന്റെ മകൻ ഭാര്യക്കൊപ്പം ഇസ്രായേൽ സന്ദർശനത്തിന്

ജറുസലേം: ഇസ്രായേലിനോട് മാപ്പ് ചോദിച്ച് അൽഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻലാദന്റെ മകൻ ഭാര്യക്കൊപ്പം ഇസ്രായേൽ സന്ദർശനത്തിനൊരുങ്ങുന്നു. പിതാവിന്റെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഒസാമയുടെ മകൻ ഒമർ ബിൻലാദൻ ലോകത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു.

ഒസാമയ്ക്ക് ശേഷം അൽഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആളാണ് ഒമർ ബിൻലാദൻ. എന്നാൽ താൻ അത് നിരസിക്കുകയായിരുന്നുവെന്നും ഒമർ വെളിപ്പെടുത്തി.

ഒമറിന്റെ സന്ദർശനം സംബന്ധിച്ച് ഇസ്രയേൽ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ പിതാവ് കാരണം നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായി. അതിലെ ക്രൂരത എനിക്ക് ബോധ്യപ്പെട്ടുവെന്നും ഒമർ പറയുന്നു.

‘എന്റെ പിതാവ് തന്റെ മക്കളെ സ്നേഹിക്കുന്നതിനേക്കാൾ ശത്രുക്കളെ വെറുത്തു. പാഴാക്കിയ ജീവിതത്തെ കുറിച്ച് എനിക്ക് ജാള്യത തോന്നി’ ഒസാമയുടെ നാലാമത്തെ മകനായ ഒമർ പറഞ്ഞു. തന്നോടും സഹോദരങ്ങളോടും രക്തസാക്ഷികളാവാൻ പിതാവ് ആവശ്യപ്പെട്ടു. അങ്ങനെ മനസ്സുമടുത്താണ് അഫ്ഗാൻ വിട്ടതെന്ന് ഒമർ ഒരു ഇസ്രായേലി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സൗദി അറേബ്യയിലും അഫ്ഗാനിസ്താനിലുമായി കഴിഞ്ഞ ഒമർ നിലവിൽ ഫ്രാൻസിലെ നോർമാണ്ടിയിലാണ് ജീവിക്കുന്നത്. പേരിനൊപ്പമുള്ള കുടുംബ പേര് ഒരുപാട് തനിക്ക് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് അറബ് ലോകത്തെന്നും ഒമർ പറഞ്ഞു.

യുഎസ് സന്ദർശിക്കുന്നതും തന്റെ സ്വപ്നമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. യുഎസ് സന്ദർശിക്കാൻ താൻ യോഗ്യനാണെങ്കിൽ ഒരു ദിവസമെങ്കിലും അവിടെ പോകണമെന്നുണ്ട്. യുഎസ് പ്രസിഡന്റായി ജോ ബൈഡനിരിക്കുമ്പോൾ തനിക്ക് അതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈഡൻ എല്ലാവരേയും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എല്ലാവർക്കും സമാധാനവും നന്മയും ഉണ്ടാകാൻ പ്രാർഥിക്കുന്നു. അവർ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ജൂതരോ എന്നത് എനിക്ക് പ്രശ്നവുമല്ല.

‘എന്റെ ഭാര്യയുടെ അമ്മയുടെ കുടുംബം ജൂതന്മാരാണ്. അവർ തനി ഇസ്രായേലുകാരാണ്. ഒരു ദിവസം ഇസ്രായേൽ സന്ദർശിക്കുന്നതിൽ ഞാൻ സന്തുഷ്ടനാകും. ഇസ്രായേലി സർവകലാശകളിൽ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നതിന് എന്റെ ഭാര്യ സിനക്ക് ഒരു ഓഫർ ലഭിച്ചു’ഒമർ ബിൻലാദൻ പറഞ്ഞു