നിപ: കോഴിക്കോട് താലൂക്കിൽ കൊറോണ വാക്സിനേഷൻ നിർത്തിവച്ചു

കോഴിക്കോട്: ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കൊറോണ വാക്സിനേഷന്‍ നിര്‍ത്തി വെച്ചു. രണ്ടു ദിവസത്തേക്കാണ് വാക്സിനേഷന്‍ ക്യാമ്പുകള്‍ നിര്‍ത്തിവെച്ചത്. നിപ അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കൊറോണ ലക്ഷണമുള്ളവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ കോഴിക്കോട്ട് നിപ ബാധിച്ച്‌ മരിച്ച 12വയസുകാരന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാല്‍ ആര്‍ക്കും തീവ്രമായ ലക്ഷണമില്ല. ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

251 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 54 പേര്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുന്നവരാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ പരിശോധന ലാബ് സജ്ജമായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മെഡിക്കല്‍ ഓഫിസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശ വര്‍ക്കേഴ്സ് ഉള്‍പ്പെടെ 317 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് പരിശീലനം നല്‍കി.

നാളെ മുതല്‍ വീടുകള്‍ തോറുമുള്ള നിരീക്ഷണവും നടത്തും. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ വീടിൻ്റെ മൂന്ന് കിലോമീറ്ററിലെ കണ്ടെയിന്‍മെന്‍റ് മേഖലയില്‍ ഫീല്‍ഡ് നിരീക്ഷണവും കമ്യൂണിറ്റി നിരീക്ഷണവും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരിച്ചു.