ന്യൂഡെല്‍ഹി: കേരളത്തില്‍ പോലീസ് സേനയ്ക്കുള്ളില്‍ ആര്‍എസ്എസ് സംഘം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ പോലീസ്-ആര്‍എസ്എസ് ബന്ധം സംബന്ധിച്ച ആനി രാജയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഡി രാജ ഇക്കാര്യത്തില്‍ പരസ്യമായി തന്നെ പിന്തുണച്ചിരിക്കുന്നത്.
ജനങ്ങളുടെ സുഹൃത്തായിരിക്കണം പോലീസ്. ഉത്തര്‍പ്രദേശില്‍ ആയാലും കേരളത്തിലായാലും പോലീസ് വീഴ്ച വരുത്തിയാല്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്നും രാജ പറഞ്ഞു. സിപിഐ ദേശീയ എക്സിക്യുട്ടീവ് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ സംയുകത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച സെപ്റ്റംബര്‍ 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയ്ക്കാന്‍ സിപിഐ തീരുമാനിച്ചു. ഇതുസംബന്ധിച്ചും രാജ്യത്തിന്റെ ആസ്തികള്‍ വില്‍ക്കുന്നതിന് എതിരേയും ദേശീയ എക്സിക്യുട്ടീവില്‍ പ്രമേയം പാസാക്കി. കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തി.
വിജയവാഡയില്‍ നടത്താനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയവും മറ്റു കാര്യങ്ങളും തീരുമാനിക്കാന്‍ മൂന്ന് ദിവസം നീളുന്ന നാഷണല്‍ കൗണ്‍സില്‍ യോഗം ഒക്ടോബര്‍ രണ്ടിനു ഡല്‍ഹിയില്‍ ചേരും.