കൊച്ചി: സംസ്ഥാന സര്‍ക്കാരിനും പൊലീസിനുതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടിക്കണക്കിന് രൂപ പിരിക്കാന്‍ സര്‍ക്കാര്‍ പൊലീസിനു ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണെന്ന് സതീശന്‍ ആരോപിച്ചു. ക്വോട്ട നിശ്ചയിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളില്‍ നിന്നും പൊലീസിനെക്കൊണ്ട് കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.
ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികള്‍ സമാഹരിക്കാനുള്ള ടാര്‍ഗറ്റ് എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. കോടിക്കണക്കിനു രൂപയാണ് പെറ്റി ഇനത്തില്‍ പൊലീസ് പാവപ്പെട്ടവരുടെ കയ്യില്‍ നിന്നും വാങ്ങുന്നത്. മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുകയാണ്. പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് സതീശന്‍ അവകാശപ്പെട്ടു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശന്‍ പ്രതികരിച്ചു. ക്രിയാത്മക രാഷ്ട്രീയ വേദിയായി യുഡിഎഫിനെ മാറ്റാനുള്ള ചര്‍ച്ചയാണ് നടന്നത്.
രാഷ്ട്രീയമായി ശ്രദ്ധിക്കുന്ന മുന്നണിയായി യുഡിഎഫിനെ സമയബന്ധിതമായി മാറ്റും. സെപ്റ്റംബര്‍ 22ന് തിരഞ്ഞെടുപ്പ് അവലോകനം നടത്തും. എല്ലാ ഘടകകക്ഷികളുടെയും തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് പരിശോധിക്കും. ഘടകകക്ഷി ബന്ധം സജീവമാക്കാന്‍ നിരന്തരം ഉഭയകക്ഷി ചര്‍ച്ച നടത്തും.
മുന്നണിയെ സജീവമാക്കാന്‍ ഘടനാപരമായ മാറ്റം വരുത്താന്‍ തീരുമാനിച്ചു. സംസ്ഥാന ഏകോപന സമിതിയും ജില്ലാ-നിയോജക മണ്ഡലം തലത്തില്‍ ഏകോപന സമിതിയുമാണ് യുഡിഎഫില്‍ ഇപ്പോഴുള്ളത്. പഞ്ചായത്ത് മണ്ഡലം തലത്തില്‍ ഏകോപന സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം കൊറോണ പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണം ഗൗരവമായി കാണുന്നില്ല. ആര്‍ക്കും ആരോപണം ഉന്നയിക്കാം. സഹകരണ ബാങ്കിലെ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് സതീശൻ്റെ നിര്‍ദ്ദേശം.