കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ചണ്ഡീഗഢ്: കര്‍ഷകസമരം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതോടെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഹരിയാന സര്‍ക്കാര്‍. സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന കര്‍ഷകരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു.

എസ് എം എസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എ ഡി ജി പിയ്ക്കും ഐ ജിയ്ക്കും ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ക്രമസമാധാന ചുമതല. കര്‍ണാലില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിനും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.

കേന്ദ്രം കര്‍ഷക സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി യു പിയില്‍ ഉള്‍പ്പടെ 18 ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്തും. മഹാപഞ്ചായത്തുകള്‍ വഴി ബി ജെ പിക്കെതിരെ പ്രചാരണമാണ് കര്‍ഷക സംഘടനകള്‍ ലക്ഷ്യമിടുന്നത്.

യു പിയിലെ ഗ്രാമങ്ങള്‍ തോറും ബി ജെപിക്കെതിരായ പ്രചാരണം സംഘടിപ്പിക്കാനും കര്‍ഷക സംഘടനകള്‍ തയ്യാറെടുക്കുകയാണ്. അടുത്ത മാസം ലഖ്നൗവില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനോടൊപ്പമാണ് 18 ഇടങ്ങളില്‍ മഹാപഞ്ചായത്തുകള്‍ നടത്തുക. ഇതിന് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും മഹാപഞ്ചായത്തുമായി മുന്നോട്ടു പോകുമെന്നാണ് കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം.