എണ്‍പത്തിയാറാം വയസ്സില്‍ പത്താം ക്ലാസ് പാസ്സായി മുന്‍ മുഖ്യമന്ത്രി; മാര്‍ക്ക് 88 ശതമാനം

ഛണ്ഡിഗഡ്: എണ്‍പത്തിയാറാം വയസ്സില്‍ പത്താം ക്ലാസ് പാസ്സായിരിക്കുകയാണ് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല. പത്താം ക്ലാസില്‍ തോറ്റ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാനെത്തി ഓം പ്രകാശ് ചൗട്ടാല വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഫലം പുറത്തുവന്നത്. 88 മാര്‍ക്കോടെയാണ് ഓം പ്രകാശ് ചൗട്ടാല ഇംഗ്ലീഷ് പരീക്ഷ പാസായത്.

ഓഗസ്റ്റ് 18 നാണ് എണ്‍പത്തിയെട്ടുകാരനായ ചൗട്ടാല ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. സിര്‍സയിലെ ആര്യ ഗേള്‍സ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചായിരുന്നു പരീക്ഷ. അപകടത്തില്‍പെട്ട് കൈക്ക് പരിക്കേറ്റതിനാല്‍ മറ്റൊരു വിദ്യാര്‍ത്ഥിയായിരുന്നു മുന്‍മുഖ്യമന്ത്രിക്ക് വേണ്ടി പരീക്ഷ എഴുതി നല്‍കിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ചൗട്ടാലയുടെ സഹായി.

ഈ വര്‍ഷം ആദ്യം ഹരിയാന ഓപ്പണ്‍ ബോര്‍ഡിന് കീഴില്‍ പ്ലസ് ടു പരീക്ഷയും ഓം പ്രകാശ് ചൗട്ടാല എഴുതിയിരുന്നു. എന്നാല്‍ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ പാസ്സാകാത്തതിനാല്‍ പ്ലസ് ടു റിസല്‍ട്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് തോറ്റ വിഷയം വീണ്ടും എഴുതിയത്.

ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ മുത്തച്ഛനും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവും കൂടിയായ മുന്‍ മുഖ്യമന്ത്രി 2017 ലാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പണ്‍ സ്‌കൂളിന് കീഴിലായിരുന്നു ചൗട്ടാല പരീക്ഷ എഴുതിയത്.

82-ാം വയസ്സില്‍ 53.4 ശതമാനം മാര്‍ക്കോടെ പാസായെങ്കിലും ഇംഗ്ലീഷ് വിഷയത്തില്‍ മാത്രം പരാജയപ്പെട്ടു. ജെബിടി റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന സമയത്താണ് ചൗട്ടാല പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുത്തത്.

ഉയര്‍ന്ന മാര്‍ക്കോടെ പത്താംക്ലാസ് പരീക്ഷ പാസ്സായ മുന്‍മുഖ്യമന്ത്രിയെ വിളിച്ച് അഭിനന്ദനം അറിയിച്ചതായി ഹരിയാന ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജുക്കേഷന്‍ ചെയര്‍മാന്‍ ജഗ്ബീര്‍ സിംഗ് അറിയിച്ചു. ചൗട്ടാലയെ നേരിട്ട് ലഭിക്കാത്തതിനാല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ വിളിച്ചായിരുന്നു അഭിനന്ദനം അറിയിച്ചത്.

സംസ്ഥാനത്ത് പത്താംക്ലാസ് പാസാകുന്ന ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയാണ് ഓം പ്രകാശ് ചൗട്ടാല. ഇംഗ്ലീഷില്‍ 88 മാര്‍ക്ക് ലഭിച്ചതോടെ ഫസ്റ്റ് ക്ലാസ് നേടിയാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്. പത്താം ക്ലാസില്‍ വിജയിച്ചതോടെ ചൗട്ടാലയുടെ തടഞ്ഞുവെച്ച പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ലിസ്റ്റും ഉടന്‍ പ്രസിദ്ധീകരിക്കും. പന്ത്രണ്ടാം ക്ലാസില്‍ 33 ശതമാനം മാര്‍ക്കാണ് അദ്ദേഹത്തിന് ലഭിച്ചത്.

അതേസമയം, പന്ത്രണ്ടാം ക്ലാസിലെ കുറഞ്ഞ മാര്‍ക്ക് കാരണം മുന്‍ മുഖ്യമന്ത്രിയുടെ ഉന്നത വിദ്യാഭ്യാസം അനിശ്ചിതത്വത്തിലാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. ഓപ്പണ്‍ സ്‌കൂള്‍ സംവിധാനം വഴി ചൗട്ടാലയടക്കം 39,000 വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കൊറോണ സാഹചര്യമായതിനാല്‍ പരീക്ഷ നടത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് 33 ശതമാനം മാര്‍ക്ക് നല്‍കി മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പാസാക്കുകയായിരുന്നു.