ന്യൂഡെല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിതനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. റായ്പൂരിലെ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മര്‍ദ്ദിച്ചത്. പുരോഹിതനുമേല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പാസ്റ്ററെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതിനിടയിലാണ് ആള്‍ക്കൂട്ടം ക്ഷുഭിതരായി പാസ്റ്ററെ മര്‍ദ്ദിച്ചത്. റായ്പൂരിലെ പുരാനി ബാസ്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം.
തീവ്ര വലതുപക്ഷ ഹിന്ദുത്വവാദികളായ ഒരു കൂട്ടം ആളുകളാണ് ആക്രമണമുണ്ടാക്കിയത്. റായ്പുരിലെ ഭട്ട്ഗാവ് പ്രദേശത്തെ ചില ആളുകളാണ് പാസ്റ്റര്‍ക്കെതിരെ ആരോപണമുയര്‍ത്തിയത്. ഇതോടെ പാസ്റ്ററെ അനുകൂലിച്ചും ആള്‍ക്കൂട്ടമെത്തി.
ഇരുകൂട്ടരും സംഘര്‍ഷത്തിലേക്ക് കടന്നതോടെ ഉദ്യോഗസ്ഥര്‍ പാസ്റ്ററെ ഓഫിസറുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ ചെരുപ്പ് കൊണ്ടടിക്കുന്നതടക്കം മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.