ശ്രീനഗർ: കാഷ്മീരിലെ വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മൃതദേഹത്തിൽ പാക്കിസ്ഥാൻ പതാക പുതപ്പിച്ചു. സംഭവത്തിൽ പോലീസ് യുഎപിഎ ചുമത്തി കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മൃതദേഹം സംസ്കരിക്കാൻ പോലീസ് ഏറ്റെടുക്കുന്നതിനു മുൻപായിരുന്നു പാക് പതാക പുതപ്പിച്ചത്.
വാർധക്യസസഹജമായ രോഗങ്ങളെത്തുടർന്ന് ബുധനാഴ്ച രാത്രിയിലായിരുന്നു ഗീലാനിയുടെ അന്ത്യം. മരണത്തെ തുടർന്ന് കാഷ്മീരിൽ ഇന്റർനെറ്റും മൊബൈൽ ഫോൺ സർവീസും റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്റർനെറ്റ് സർവീസ് പുനസ്ഥാപിച്ചതിനു ശേഷം പാക് പതാക പുതപ്പിച്ച ഗീലാനിയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ പോലീസ് വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞു.
ആളുകൾ കൂട്ടംകൂടുന്നതിനും നിരോധനം ഏർപ്പെടുത്തി. അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ പോലീസ് അനുവദിച്ചില്ലെന്ന് ഗിലാനിയുടെ കുടുംബം ആരോപിക്കുന്നു. രാവിലെ തന്നെ ശവസംസ്കാരം നടത്താൻ ആഗ്രഹിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ല. അവർ വാതിൽ തള്ളിത്തുറക്കുകയും സ്ത്രീകളോട് മോശമായി പെരുമാറ്റ മൃതദേഹം ബലമായി എടുത്തുകൊണ്ടു പോകുകയും ചെയ്തുവെന്നാണ് ആക്ഷേപം.
തങ്ങൾക്ക് അവസാന കർമങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഗീലാനിയുടെ മരണത്തെത്തുടർന്ന് ദേശവിരുദ്ധ ശക്തികൾ സംഘർഷമുണ്ടാക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് രാത്രിതന്നെ സംസ്കാരം നടത്താൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. വൻ പോലീസ് സംരക്ഷണത്തോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.