നിപ വൈറസ് ബാധയെന്ന് സംശയം; ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്തംബ‌ര്‍ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പന്ത്രണ്ടുകാരന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. പനി കുറയാത്തതിനാലാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്.

കുട്ടിയുടെ രക്ഷിതാക്കളും അയല്‍വാസികളും നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ടെത്തും. മന്ത്രിമാരായ വീണാ ജോര്‍ജും, മുഹമ്മദ് റിയാസും കോഴിക്കോട്ടേക്ക് തിരിച്ചു. 2018ലാണ് ജില്ലയില്‍ നേരത്തെ നിപ സ്ഥിരീകരിച്ചത്. അന്ന് പതിനെട്ട് പേരാണ് മരിച്ചത്.