സ്വന്തം മുടി തിന്നുന്ന അപൂർവ രോഗവുമായി 17കാരി; ഓപ്പറേഷനിലൂടെ ഡോക്ടർമാർ പെൺകുട്ടിയുടെ വയറ്റിൽ നിന്നും നീക്കിയത് രണ്ടുകിലോ മുടി

ലക്‌നൗ: സ്വന്തം മുടി തിന്നുകയെന്ന അപൂര്‍വ മാനസിക രോഗവുമായി 17കാരി. കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ വയറില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് രണ്ടു കിലോയോളം ഭാരമുള്ള വലിയൊരു മുടിക്കെട്ട്. ലക്‌നൗവിലെ ബല്‍റാംപൂര്‍ ആശുപത്രിയിലാണ് സംഭവം.

ലക്‌നൗവില്‍ ജനിച്ചു വളര്‍ന്ന യുവതിക്ക് ജനനം മുതല്‍ തന്നെ ട്രിച്ചോബെസോവര്‍ എന്ന സ്വന്തം മുടി തിന്നുന്ന അപൂ‌ര്‍വ രോഗം ഉണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇത് മനസിലായിരുന്നില്ല. ഒടുവില്‍ ഈയടുത്ത് കുട്ടിയുടെ ഭാരം വളരെയധികം കുറയുന്നതും മുടി കൊഴിയുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയുമായി ആശുപത്രിയില്‍ എത്തുന്നത്. കലശലായ വയറു വേദനയും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നു.

വര്‍ഷങ്ങളായി മുടി കഴിച്ചിരുന്ന പെണ്‍കുട്ടിയുടെ വയറില്‍ സിടി സ്കാന്‍ വഴി മുടിയുടെ ഒരു കെട്ട് തന്നെ കണ്ടെത്തുകയായിരുന്നു. മുടി മറ്റ് ഭക്ഷണവസ്തുക്കള്‍ പോലെ വയറില്‍ കിടന്ന് ദഹിക്കില്ലെന്നത് പ്രശ്നം വഷളാക്കി. കുടല്‍ മുടി നിറഞ്ഞ് അടഞ്ഞതോടെ കഴിക്കുന്ന ഭക്ഷണമൊന്നും വയറില്‍ എത്താതെയുമായി. ഇതാണ് ശരീര ഭാരം കുറയുന്നതിന് ഇടയാക്കിയത്.

ഓപ്പറേഷന്‍ അല്ലാതെ മുടിക്കെട്ട് വയറിനുള്ളില്‍ നിന്നും എടുക്കാന്‍ ഡോക്ടര്‍മാരുടെ മുന്നില്‍ മറ്റു മാ‌ര്‍ഗങ്ങളൊന്നും തന്നെയില്ലായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍‌ അറിയിച്ചു. ബല്‍റാംപൂ‌ര്‍ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. എസ് ആ‌ര്‍ സംദാര്‍ ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.