കേരളത്തില്‍ നിന്നുള്ള കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിപ്പിച്ച് കര്‍ണ്ണാടക; നടപടി കൊറോണയുടെ പശ്ചാത്തലത്തില്‍

വയനാട്: വയനാട് സ്വദേശികളായ കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിപ്പിച്ച് കര്‍ണാടക. കൃഷിയാവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടന്ന വയനാട് മാനന്തവാടി സ്വദേശികളായ രണ്ട് പേരുടെ ശരീരത്തിലാണ് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ സീല്‍ പതിച്ചത്.

ബാവലി ചെക് പോസ്റ്റില്‍ വെച്ചായിരുന്നു സംഭവം. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് സീല്‍ പതിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള മഷി ഉപയോഗിച്ചാണ് സീല്‍ പതിപ്പിച്ചിരിക്കുന്നത്.

സീല്‍ പതിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കര്‍ഷകര്‍ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

കര്‍ഷകരെ തടഞ്ഞുനിര്‍ത്തി ചാപ്പക്കുത്തുകയായിരുന്നെന്നും രണ്ട് ദിവസമായി ഇത് തുടരുന്നെന്നും എം എല്‍ എ കേളു പറഞ്ഞു. ഇത്തരത്തില്‍ പ്രാകൃതമായ ഒരു രീതി നടപ്പാക്കിയതിനെതിരെ ചില പ്രതിഷേധങ്ങളും അനിഷ്ട സംഭവങ്ങളും ഇവിടെ ഉണ്ടായിരുന്നു.

”ആര്‍ ടി പി സി ആര്‍ എടുത്ത ആളുകളെ പോലും കടത്തിവിടാത്ത സ്ഥിതി നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് അവര്‍ പുതിയ രീതി അവലംബിച്ചത്. കേരളത്തില്‍ നിന്നുള്ളവരെ അങ്ങോട്ട് കടത്തിവിടുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് അറിയുന്നത്. ഇത്തരത്തില്‍ പ്രാകൃതമായ നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നത് തെറ്റായ രീതിയാണ്. നിയമപരമായി തന്നെ ഇതിനെ നേരിടണമെന്നാണ് കരുതുന്നത്” എം എല്‍ എ പറഞ്ഞു.

രണ്ട് വാക്സിനും എടുത്ത ആളാണ് താനെന്നും സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അത് പോരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സീല്‍ പതിപ്പിക്കപ്പെട്ട പടിഞ്ഞാറെത്തറ സ്വദേശി ഹുസൈന്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോള്‍ അവര്‍ അതും അംഗീകരിക്കാതെ ദേഹത്ത് ചാപ്പകുത്തുകയായിരുന്നെന്നാണ് ഹുസൈന്‍ പറയുന്നത്. വിഷയത്തില്‍ രേഖാമൂലം പരാതി നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.