ഓവർ ബ്രിഡ്ജ് വില്ലനായി; ഐഎസ്ആർഒയുടെ കൂറ്റൻ കാർഗോ റോഡരികിൽ ‘പോസ്റ്റായി’; യാത്ര സ്തംഭിച്ചു

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്നും എത്തിച്ച കൂറ്റന്‍ കാര്‍ഗോയുടെ യാത്ര സ്തംഭിച്ചു. ബൈപ്പാസിലെ ഫുട്‌ ഓവര്‍ ബ്രിഡ്ജിന്റെ പൊക്കക്കുറവ് മൂലം വാഹനത്തിന് കടന്നു പോകാന്‍ കഴിയാത്തതാണ് യാത്ര തടസ്സത്തിന് കാരണം. ഇതേത്തുടര്‍ന്ന്, കഴക്കൂട്ടം ദേശീയപാതയ്ക്കരികില്‍ വാഹനം ദിവസങ്ങളായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം 18നാണ് വാഹനം കൊല്ലം തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ചത്. കെഎസ്‌ഇബിയും പൊലീസും വളരെയധികം പരിശ്രമിച്ചാണ് ദേശീയപാതയിലൂടെ വാഹനം കടത്തിവിട്ടത്. പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റു വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

യാത്രയ്ക്കു തടസമാകുന്ന മരക്കൊമ്പുകളും വൈദ്യുതി കമ്പികളും മാറ്റേണ്ടതിനാല്‍ രാത്രി യാത്രയ്ക്കു കഴിയുമായിരുന്നില്ല. പിന്നിട്ട് 14 വൈദ്യുതി സെക്ഷനുകളില്‍ ജീവനക്കാര്‍ സുഗമമായ യാത്രയ്ക്കു രംഗത്തിറങ്ങി. കഴക്കൂട്ടത്തെത്തിയപ്പോള്‍ സ്വകാര്യ സ്കൂളിനു മുന്നിലെ ഫുട്‌ ഓവര്‍ ബ്രിഡ്ജ് തടസമാകുമെന്നു കരുതിയെങ്കിലും മറിമടക്കാനായി. രണ്ടാമത്തെ ബ്രിഡ്ജാണ് വില്ലനായത്.

12 ജീവനക്കാരാണ് ആകെയുള്ളത്. രാജേശ്വരിക്കാണ് വാഹനത്തിന്റെ ഗതാഗത ചാര്‍ജ്. 96 ചക്രങ്ങളുള്ള വാഹനങ്ങളില്‍ രണ്ട് കാര്‍ഗോയാണുള്ളത്. ഇതിനു 128, 56 ടണ്‍ വീതമാണ് ഭാരം. 128 ടണ്‍ ഭാരമുള്ള കാര്‍ഗോയുടെ നീളം 9.8 മീറ്ററും വീതി 5.6 മീറ്ററും ഉയരം 5.7 മീറ്ററുമാണ്. 56 ടണ്‍ ഭാരമുള്ള കാര്‍ഗോയ്ക്ക് 5.1 മീറ്റര്‍ വീതിയും 5.9 നീളവും 6.05 മീറ്റര്‍ ഉയരവുമുണ്ട്.

അതേസമയം നിര്‍മാണം പുരോഗമിക്കുന്ന സ്വകാര്യ മാളിന്റെ അടുത്തുള്ള ഫുട്‌ ഓവര്‍ ബ്രിഡ്ജിന്റെ വശത്തുള്ള ഓട നിരത്തി വാഹനം കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന് ദേശീയപാത അതോറിറ്റിക്കു കത്തു നല്‍കി. ഫുട്‌ ഓവര്‍ ബ്രിഡ്ജ് കടന്നാല്‍ രണ്ടു ദിവസം കൊണ്ട് ചാക്ക ഓള്‍സെയിന്റ്സ് കോളജ് വഴി വാഹനം തുമ്പയിലെ ഐഎസ്‌ആര്‍ഒ കേന്ദ്രത്തിലെത്തും.