പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാജ്യസഭാ മുന്‍ എംപിയുമായ ചന്ദന്‍ മിത്ര അന്തരിച്ചു

ന്യൂഡെൽഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാജ്യസഭ മുന്‍ എംപിയുമായ ചന്ദന്‍ മിത്ര (65) അന്തരിച്ചു. ബുധനാഴ്ച രാത്രി ഡെൽഹിയിലായിരുന്നു അന്ത്യം. പിതാവ് മരിച്ചെന്നും കുറച്ചുകാലമായി അദ്ദേഹം ആരോഗ്യ വിഷമതകള്‍ അനുഭവിച്ചിരുന്നുവെന്നും മകന്‍ കുശാന്‍ മിത്ര ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷ് ദിനപത്രമായ ദ പയനിയറിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്നു. ഈ വര്‍ഷം ജൂണില്‍ പയനിയറിന്റെ പ്രിന്റര്‍ പ്രസാധക സ്ഥാനം രാജിവെച്ചിരുന്നു. ദി സ്റ്റേറ്റ്സ് മാൻ, ടൈംസ് ഓഫ് ഇന്ത്യ, ദി സൺഡേ ഒബ്സർവർ, ഹിന്ദുസ്ഥാൻ ടൈംസ് പത്രങ്ങളിൽ ഡെൽഹി രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ ചന്ദൻ്റെ ബൈലൈനിലൂടെ അനേകർ അറിഞ്ഞു.

എൽ കെ അദ്വാനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. രാഷ്ട്രീയം എഴുതിയും പറഞ്ഞും ഒടുവിൽ തനി രാഷ്ട്രീയക്കാരനായി. ബിജെപി നേതാവായി. രാജ്യസഭാംഗമായി. 2003 ഓഗസ്റ്റ് മുതല്‍ 2009 വരെ നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമായിരുന്നു അദ്ദേഹം.

പിന്നീട് 2010 ജൂണില്‍ മധ്യപ്രദേശില്‍നിന്ന് ബിജെപിയുടെ രാജ്യസഭ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു.2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു മിത്ര.   മിത്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.