ഗുവാഹത്തി: അസമിലെ ദേശീയോദ്യാനത്തില്‍നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കും. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ് ദേശീയോദ്യാനമെന്നാക്കാന്‍ അസം സര്‍ക്കാര്‍ പ്രമേയം പാസാക്കി. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്നക്ക് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെ ചൊല്ലി വിവാദം കത്തിപ്പടരുന്നതിനിടെയാണ് പുതിയ തീരുമാനം.
ഒറാങ് ദേശീയോധ്യാനമെന്നും രാജീവ് ഗാന്ധി ദേശീയോധ്യാനമെന്നും ഇത് അറിയപ്പെട്ടിരുന്നു. എന്നാല്‍, രാജീവ് ഗാന്ധി ദേശീയോധ്യാനമെന്ന് സര്‍ക്കാര്‍ പ്രമേയത്തിലൂടെ ഔദ്യോഗികമായി ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദേശീയോധ്യാനത്തിൻ്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി സർക്കാർ പറയുന്നത്. ഈ ആവശ്യങ്ങളെ തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു. സർക്കാർ തീരുമാനത്തിനെതിരേ കോൺഗ്രസ് രംഗത്തെത്തി.
‘ആദിവാസി, തേയില തൊഴിലാളി, ഗോത്ര സമൂഹത്തിനൻ്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് രാജീവ് ഗാന്ധി ദേശീയോധ്യനത്തെ ഒറാങ് ദേശീയോധ്യാനമെന്ന് പുനര്‍നാമകരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു’ -സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
ബംഗാള്‍ കടുവകളുടെ കേന്ദ്രമാണിവിടം. ബ്രഹ്മപുത്രയുടെ വടക്കന്‍ തീരമായ ദരാങ്, ഉദല്‍പുരി, സോണിത്പുര്‍ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന ദേശീയോധ്യാനം ഇന്ത്യന്‍ റൈനോസ്, ബംഗാള്‍ ടൈഗര്‍, കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയവക്ക് പേരുകേട്ട സ്ഥലമാണ്. 79.28 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവിടം 1985ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1999ല്‍ ദേശീയോധ്യാനമായി ഉയര്‍ത്തുകയായിരുന്നു.